Latest Updates

ടെലികോം സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ശതകോടീശ്വര വ്യവസായി ഗൗതം അദാനി ഗ്രൂപ്പും പദ്ധതിയിടുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും, സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെലിനും അപ്രതീക്ഷിത വെല്ലുവിളിയുമായാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കാനെത്തുന്നത്. ജൂലായ് 26 നാണ് ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി വെള്ളിയാഴ്ചയായിരുന്നു.

ജിയോയും, എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ലേലത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ നാലാമതായാണ് അദാനി ഗ്രൂപ്പും അപേക്ഷ നല്‍കിയിരിക്കുന്നത്. അടുത്തിടെ നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്(ഐഎല്‍ഡി) ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം പുതിയ നീക്കത്തെ കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.  ലേലത്തിന്റെ സമയക്രമം അനുസരിച്ച് ജൂലായ് 12 ന് ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ആരെല്ലാമാണ് ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് അപ്പോള്‍ അറിയാം. ആകെ 4.3 ലക്ഷം കോടി വിലവരുന്ന 72,097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തിന് വെക്കുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക.

അംബാനിയും, അദാനിയും ഗുജറാത്തില്‍ നിന്നുള്ള വ്യവസായികളാണ്. ഇന്ത്യയില്‍ ഇന്ന് ഒപ്പത്തിനൊപ്പം നിന്ന് മത്സരിക്കുന്ന സ്ഥാപനങ്ങളാണ് ഇരുവരുടേതും. അംബാനി എണ്ണ, പെട്രോകെമിക്കല്‍സ് വ്യവസായ രംഗത്ത് നിന്നും ടെലികോം, റീട്ടെയ്ല്‍ രംഗത്തേക്ക് കൂടി പ്രവേശിച്ചു. തുറമുഖം, കല്‍ക്കരി, ഊര്‍ജവിതരണം, വ്യോമയാനം തുടങ്ങിയ മേഖലകളാണ് അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തന മേഖല. ജൂലായ് 26 ന് നടക്കുന്ന ലേലത്തില്‍ റിലയന്‍സ് ജിയോയ്ക്ക് കടുത്ത എതിരാളിയായിരിക്കും അദാനി ഗ്രൂപ്പ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Get Newsletter

Advertisement

PREVIOUS Choice